ആംബുലന്‍സുകളുടെ മൂര്‍ച്ചയുള്ള സൈറൺ മാറുന്നു;പകരം ആകാശവാണിയുടെ സംഗീതം

ന്യൂഡെൽഹി; മനുഷ്യരിൽ ഭീതി നിറയ്ക്കുന്ന ‍ആംബുലന്‍സുകളുടെ മൂര്‍ച്ചയേറിയ സൈറൺ മാറുന്നു. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ശബ്ദത്തിനു പകരം ആകാശവാണിയില്‍ അതിരാവിലെ കേള്‍ക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

നമ്മുടെ ഉള്ളില്‍ ഭീതി നിറക്കുന്ന ആംബുലന്‍സുകളുടെ സൈറണ്‍ ശബ്ദത്തിന് പകരം കാതിന് കൂടുതല്‍ ഇമ്പം പകരുന്ന സംഗീത ശകലം ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. നാസിക്കിൽ ഒരു ഹൈവേ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലന്‍സുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായെന്നും ഗഡ്കരി പറഞ്ഞു.

ആംബുലന്‍സുകളില്‍ മാത്രമല്ല, പോലീസ് വാഹനങ്ങളിലും സൈറണുകള്‍ക്ക് പകരം ആകാശവാണിയുടെ സംഗീതം ഉപയോഗിക്കാനാണ് ആലോചന. ”ഈ സൈറണുകള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും ഉപയോഗിക്കുന്ന സൈറണുകളെ കുറിച്ച് ഞാന്‍ പഠിക്കുകയാണ്. ആകാശവാണിയില്‍ അതിരാവിലെ പ്രക്ഷേപണം ചെയ്യുന്ന ഈണം ആംബുലന്‍സുകളില്‍ ഉപയോഗിക്കാന്‍ ഞാന്‍ ആലോചിക്കുന്നു.

മന്ത്രിമാര്‍ കടന്നുപോകുമ്പോഴെല്ലാം സൈറണുകള്‍ ഉയര്‍ന്ന ശബ്ദത്തില്‍ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ചെവികള്‍ക്കും ദോഷം ചെയ്യും’-മന്ത്രി പറഞ്ഞു.

അതോടൊപ്പം വാഹനങ്ങളുടെ ഹോണ്‍ ശബ്ദം മാറ്റാനും ആേലാചന നടക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പുല്ലാങ്കുഴല്‍, തബല, വയലിന്‍, മൗത്ത് ഓര്‍ഗന്‍, ഹാര്‍മോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങള്‍ ഹോണുകളില്‍ ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ ആലോചന.