പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു; ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രിയെ ലക്നൗ വിമാനത്താവളത്തിൽ തടഞ്ഞു; കടുത്ത നടപടികളുമായി യുപി പോലീസ്

ലക്നൗ: ലഖിംപൂര്‍ സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്ത‍ർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺ​ഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കടുത്ത നടപടികളുമായി നീങ്ങുകയാണ് യുപി പോലീസ്.

ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട ക‍ർഷകരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥരാണ് അറസ്റ്റ് ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പി.ചിദംബരം പ്രതികരിച്ചു.

നിലവിൽ സീതാപ്പൂ‍ർ പൊലീസ് കസ്റ്റഡിയിലുള്ള പ്രിയങ്കയെ കാണാനായി എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ ലക്നൗ വിമാനത്താവളത്തിൽ യുപി പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ബാ​ഗൽ ലക്നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അതേസമയം ഉത്തർപ്രദേശ് വൻവികസനത്തിൻ്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ യോ​ഗി സർക്കാർ വീട് വച്ചു നൽകിയെന്നും ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിയിക്കണമെന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ർഷികം പ്രമാണിച്ച് യുപിയിൽ നടപ്പാക്കുന്ന പുതിയ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി ലക്നൗവിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഏഴ് വ‍ർഷത്തെ ബിജെപി ഭരണത്തിൽ ഒരുകോടിയിലേറെ കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ സാധിച്ചെന്ന് മോദി അവകാശപ്പെട്ടു. അതേസമയം ലഖിംപൂര്‍ സംഭവത്തെക്കുറിച്ചോ കർഷകസമരത്തെക്കുറിച്ചോ മോദി ഒന്നും പറഞ്ഞില്ല.