ന്യൂഡെൽഹി: പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതിയിൽ പ്രഖ്യാപിച്ച വ്യവസായി അനിൽ അംബാനിക്ക് ജഴ്‌സി ദ്വീപിലും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് ‘പാൻഡൊറ രേഖകൾ.’ 2007-നും 2010-നുമിടയിലാണ് ഈ കമ്പനികൾ സ്ഥാപിച്ചത്. ഇതിൽ ഏഴു കമ്പനികൾവഴി 130 കോടി ഡോളർ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു.
ജഴ്‌സിയിൽ എട്ടു കമ്പനികളും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിൽ ഏഴും സൈപ്രസിൽ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്. 2020 ഫെബ്രുവരിയിൽ ചൈനീസ് സർക്കാരുടമസ്ഥതയിലുള്ള മൂന്നു ബാങ്കുകളുമായി ലണ്ടൻ കോടതിയിൽ കേസ് നടന്നപ്പോൾ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നാണ് അംബാനി അവകാശപ്പെട്ടത്.
അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ബാങ്കുകൾക്ക് 71.6 കോടി ഡോളർ നൽകാൻ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.