ന്യൂഡെൽഹി: കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നാലെയുള്ള ലഖിംപുർ ഖേരിയിലെ സംഭവം കേന്ദ്രസർക്കാരിന് ക്ഷീണമായി. പ്രകോപനം ഉണ്ടാക്കിയത് ബിജെപി നേതാക്കളാണെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി വരുൺ ഗാന്ധി തന്നെ രംഗത്തു വന്നതും ശ്രദ്ധേയമായി.
പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് സംഭവം ആയുധമാക്കുകയാണ്. സമരം ചെയ്യുന്നവരെ ലാത്തി കൊണ്ട് നേരിടാൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ തന്നെ നിർദ്ദേശിക്കുന്ന വീഡിയോ ഇന്നലെ പുറത്തു വന്നിരുന്നു. ലഖിംപുർ ഖേരിയിൽ സമരം ചെയ്യുന്നവരെ പതിനഞ്ചു ദിവസം കൊണ്ട് ഒതുക്കുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ് പറഞ്ഞതായുള്ള റിപ്പോർട്ടുകളും പ്രചരിച്ചു.
ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മുന്നിൽ നിറുത്തി കർഷകസമരം തീർക്കാനുള്ള ബിജെപി നീക്കത്തിനാണ് ഈ സംഭവം തിരിച്ചടിയായത്. പ്രധാനമന്ത്രി ഒത്തുതീർപ്പാകാം എന്ന് പറഞ്ഞതിനു പിന്നാലെയാണ് നേതാക്കളുടെ ഈ പ്രകോപനം. പശ്ചിമ യുപിയിൽ നിന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം പടരാൻ ഇത് ഇടയാക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിലിഭിത്ത് എം.പി വരുൺ ഗാന്ധി തന്നെ ആവശ്യപ്പെട്ടത് പാർട്ടിക്കുള്ളിലെ അതൃപ്തിയുടെ സൂചനയായി.
ഒരു കോടി ധനസഹായം നൽകണം എന്ന കത്തും വരുൺ ഗാന്ധി യോഗി ആദിത്യനാഥിന് നൽകി പഞ്ചാബിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ സംഭവം. സിദ്ദു ഉയർത്തിയ കലാപവും അമരീന്ദറിൻറ നീക്കവും കോൺഗ്രസ നേതൃത്വത്തിന് ക്ഷീണമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഇന്നലെ രാത്രി മുതലുള്ള നീക്കങ്ങളും പ്രതിഷേധവും ഇത് മറികടക്കാൻ സഹായിക്കും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.