ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയില്‍ കൂടുതല്‍ എന്‍സിബി ആവശ്യപ്പെടില്ല. കോടതിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് അഭിഭാഷകര്‍ ജാമ്യപേക്ഷ ഫയല്‍ ചെയ്യും.
ലഹരിവസ്തുക്കളുടെ വാങ്ങല്‍, വില്‍പ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എന്‍സിബി ചുമത്തിയത്. ബോളിവുഡിന് ലക്ഷ്യംവെച്ചുള്ള ബോധപൂര്‍വ്വമുള്ള നീക്കമാണെന്ന ആരോപണങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ നിഷേധിച്ചു.
അതേസമയം രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചു പ്രതികളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി ആവശ്യപ്പെടും. ലഹരിമരുന്ന് എത്തിച്ചു നല്‍കിയവരെ കണ്ടെത്താന്‍ മുംബൈയിലും എന്‍സിബിയുടെ റെയ്ഡ് തുടരുകയാണ്.
രാത്രി ഷാറൂഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്തില്‍ സല്‍മാന്‍ ഖാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും.
രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.