സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവ; മതവികാരം ഇളക്കിവിടുന്നത് : യുപി പോലീസ് ടാസ്ക് ഫോഴ്സ്

ന്യൂഡെൽഹി: ദളിത് പെൺകുട്ടി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്ന് യുപി പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). കാപ്പന്റെ ലേഖനങ്ങൾ ഒരു പരിധിവരെ മതവികാരം ഇളക്കിവിടുന്നത് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കാപ്പനെതിരേ സമർപ്പിച്ച അയ്യായിരം പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ്റിപ്പോർട്ടു ചെയ്തു.

ഉത്തരവാദിത്വമുള്ള മാധ്യമ പ്രവർത്തകനെ പോലെയല്ല കാപ്പൻ പ്രവർത്തിച്ചിരുന്നത്. മാവോവാദികളെയും കമ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹാഥ്റസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെ അവിടേക്ക് പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്നത്.

കുറ്റപത്രത്തിൽ കേസ് ഡയറിയിലെ വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്. കാപ്പൻ മലയാളത്തിൽ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങൾ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ ബാധ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ഡെൽഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കേസ് ഡയറിയിലുള്ളത്. രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമർശിച്ചിട്ടുണ്ട്.

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം സംബന്ധിച്ച ലേഖനത്തിന്റെ കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. മുസ്ലിം വിഭാഗക്കാരെ ഇരകളായാണ് ലേഖനത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. അവരെ പോലീസ് മർദിക്കുന്നുവെന്നും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുന്നുവെന്നും പറയുന്നു. മുസ്ലിം വിഭാഗക്കാരെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ലേഖനമെന്ന് വ്യക്തമാണെന്ന് കേസ് ഡയറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാപ്പന്റെ ലേഖനങ്ങൾ ഒരു പരിധിവരെ മതവികാരം ഇളക്കിവിടുന്നത് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കലാപസമയത്ത് ന്യൂനപക്ഷ വിഭാഗക്കാരുടെ കാര്യം എടുത്തുപറയുന്നതും സംഭവങ്ങളെപ്പറ്റി വിവരിക്കുന്നതും വികാരം ഇളക്കിവിടാണ ലക്ഷ്യമിട്ടുകൊണ്ടാണ്. ഉത്തരവാദിത്തമുള്ള ഒരു മാധ്യമ പ്രവർത്തകൻ ഇത്തരത്തിൽ വർഗീയ വികാരം ഇളക്കിവിടാൻ കാരണമാകുംവിധം റിപ്പോർട്ടുചെയ്യാൻ പാടില്ല.

മുസ്ലിം വിഭാഗത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതാണ് കാപ്പന്റെ ലേഖനങ്ങളെല്ലാം. പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് അതിലെല്ലാം കാണുന്നത്. മാവോവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്നതാണ് മറ്റു ചില ലേഖനങ്ങളെന്നും കുറ്റപത്രത്തിൽ പറയുന്നു. കാപ്പന്റെ ലാപ്പ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലഭിച്ച വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാപ്പൻ ഹിന്ദു വിരുദ്ധ ലേഖനങ്ങൾ എഴുതുകയും ഡെൽഹി കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒപ്പം ഇന്റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമ, ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ എന്നിവരുടെ മരണം മറച്ചുവെക്കാൻ ശ്രമിച്ചു.

എഎപിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ താഹിർ ഹുസൈന് ഡെൽഹി കലാപത്തിലുള്ള പങ്ക് അപ്രധാനമായി ചിത്രീകരിക്കാനും ശ്രമിച്ചു. ഹാഥ്റസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചശേഷം കാപ്പൻ അടക്കമുള്ളവർ ജനക്കൂട്ടത്തെ അധികൃതർക്കെതിരേ ഇളക്കിവിടാൻ ശ്രമിച്ചുവെന്ന തരത്തിൽ രണ്ട് ദൃക്സാക്ഷികൾ നൽകിയ മൊഴികളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

”പ്രത്യേക അന്വേഷണ സംഘം ഹാഥ്റസിൽ എത്തിയ ദിവസം പുറത്തുള്ളവർ അവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. എങ്കിലും ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. അതിനിടെ ചില ആളുകൾ താക്കൂർ വിഭാഗക്കാർക്കെതിരേ തിരിയാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. ജനക്കൂട്ടത്തിന് ഇടയിൽനിന്ന രണ്ടു പേർ പ്രസംഗിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. അത്തിഖുർ റഹ്മാൻ, സിദ്ദിഖ് കാപ്പൻ എന്നീ പേരുകളാണ് അവർ സ്വയം പറഞ്ഞത്’ – അടുത്ത ഗ്രാമത്തിൽനിന്ന് എത്തിയവർ ഇത്തരത്തിൽ മൊഴി നൽകിയെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.

ഹാഥ്റസ് പെൺകുട്ടിയുടെ ഗ്രാമത്തിലുള്ള മറ്റൊരാളും സമാനമായ മൊഴി നൽകിയെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ, ഈ സമയത്തൊന്നും ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് പ്രതികളുടെ അഭിഭാഷകൻ പറയുന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം ഹാഥ്റസിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്. സാക്ഷിമൊഴികൾ സംശയം ഉളവാക്കുന്നതാണ്. ഹാഥ്റസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ പ്രതികൾക്ക് അവിടെ എത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ അവകാശപ്പെടുന്നു. മലയാളത്തിലുള്ള നിരവധി ലേഖനങ്ങളുടെ പരിഭാഷയും ഫോൺ കോൾ രേഖകളും പണം ഇടപാടുകളുടെ രേഖകളും കുറ്റപത്രത്തിനൊപ്പം എസ്ടിഎഫ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.