എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്രം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

വിഷത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അധികൃതര്‍ ട്വീറ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനം മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ഇന്ത്യയ സ്വന്തമാക്കുവാന്‍ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിംഗ് സമര്‍പ്പിച്ചതിനേക്കാള്‍ 5000 കോടി അധികമാണെന്നുമായിരുന്നു ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റിസര്‍വ് തുക സംബന്ധിച്ച കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വകാര്യവത്കരണം സംബന്ധിച്ചിച്ച് ലേലത്തില്‍ പങ്കെടുത്ത രണ്ട് കമ്പനികളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 29, 30 തീയതികളിലായിരുന്നു ചര്‍ച്ച.കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജിത് സിങ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയത്.

1932ല്‍ ടാറ്റ എയര്‍ലൈന്‍സായി ആരംഭിച്ച കമ്പനി 1946ലാണ് എയര്‍ ഇന്ത്യയായി പുനര്‍നാമകരണം ചെയ്യപ്പെടുന്നത്. 1953ല്‍ വിമാനക്കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആര്‍.ഡി ടാറ്റ തന്നെയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2018 ല്‍ ആദ്യമായി എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചിരുന്നത്.