അമൃത്സര്‍: അപമാനിതനായാണ് താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതെന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. അമരീന്ദറിനെ പാര്‍ട്ടി കുറേകാലം മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്നും അതെങ്ങനെയാണ് ഒരു അപമാനമാവുകയെന്നും റാവത്ത് ചോദിച്ചു.
അമരീന്ദര്‍ ബിജെപിയോട് കാണിക്കുന്ന അടുപ്പം അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും റാവത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ചില സമ്മര്‍ദ്ദങ്ങളുടെ ഭാഗമാണെന്ന് വേണം കരുതാന്‍. അദ്ദേഹം പുനര്‍വിചിന്തനം നടത്തണം. ഒരു തരത്തിലും ബിജെപിയെ സഹായിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ അമരീന്ദര്‍ ബി ജെ പി യിലേക്ക് പോകുമെന്ന വാദം ശക്തപ്പെട്ടു. കോണ്‍ഗ്രസ് വിടുകയാണെന്നും ഇന്നലെ ഒരു ദേശീയ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ താന്‍ ബി ജെ പിയില്‍ പോകില്ലെന്നാണ് അമരീന്ദര്‍ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമരീന്ദര്‍ സിംഗുമായി പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും പഞ്ചാബിലെ ചില കര്‍ഷക നേതാക്കളെയും അമരീന്ദര്‍ കാണാനിടയുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു അമരീന്ദറിനോട് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെച്ചത്.