മുംബൈ: ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ ഊന്നുവടികൊണ്ട് വിരട്ടിയോടിച്ച് മധ്യവയസ്ക. മുംബൈയിലെ അറെയിലാണ് സംഭവം. ഊന്നുവടിയുടെ സഹായത്തോടെ വീടിന്റെ മുറ്റത്ത് വന്നിരുന്ന നിർമല ദേവി സിംഗിനു നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇവരുടെ പിന്നിൽ പുലി നേരത്തേ വന്നു കിടന്നിരുന്നു. ഇത് അറിയാതെയാണ് വീടിൻ്റെ പുറം തിണ്ണയിൽ നിർമല ദേവി വന്നിരുന്നത്.
പിന്നിലൂടെ എത്തിയ പുലിയെ ശ്രദ്ധയിൽപ്പെട്ടയുടനെ നിർമല വടിയുപയോഗിച്ച് വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർ പിന്നിലേക്ക് മറിഞ്ഞു വീണു. എങ്കിലും വൃദ്ധ മനോധൈര്യം കൈവെടിഞ്ഞില്ല. ഉടനെ ഊന്നുവടി ഉപയോഗിച്ച് പുലിയെ തല്ലിയോടിക്കാനും ശ്രമിച്ചു. പുലിയുടെ ക്രൂരമായ ആക്രമണത്തിന്നി ഇരയാകുമോ എന്ന സന്ദേഹം ഉണ്ടായെങ്കിലും നിമിഷങ്ങൾക്കകം പുലിയെ തുരത്താൻ ഇവർക്കായി. എങ്ങനെയോ ഭയപ്പെട്ട പുലി സ്ഥലം വിട്ടു.
സ്ത്രീയുടെ വിളികേട്ട് കുറച്ച് ആളുകൾ നിർമലയുടെ അടുത്തേയ്ക്ക് എത്തുകയും ചെയ്തു. ഇതോടെയാണ് ഇവർക്ക് ആശ്വാസമായത്. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വയോധിക.