അതിര്‍ത്തിയില്‍ രണ്ട് ദിവസം നീണ്ട പോരാട്ടം; നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ഇന്ത്യ വധിച്ചു; നാല് സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിയില്‍ ഉറി സെക്ടറിലെ അതിര്‍ത്തിക്ക് സമീപത്തൂടെയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.

പ്രദേശത്ത് സംശയകരമായ ചലനങ്ങള്‍ കണ്ടതോടെയാണ് സൈനികര്‍ പരിശോധന നടത്തിയത്. സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചടിച്ചു. പോരാട്ടം രണ്ട് ദിവസത്തോളം നീണ്ടതായാണ് ഇവിടെ നിന്നുള്ള വിവരം. ഭീകരനെ വധിച്ച ശേഷം ഇന്ത്യന്‍ സൈനികര്‍ പ്രദേശത്ത് നിരീക്ഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇതേ ഭാഗത്ത് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായിരുന്നു.

മൂന്ന് ഭീകരരെ സെപ്തംബര്‍ 23 ന് സൈന്യം വധിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് അഞ്ച് എകെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവ കണ്ടെത്തി. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം ഇവരെ പരാജയപ്പെടുത്തിയത്. ഒരു സൈനികനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു.

ആറ് ഭീകരരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. ഇടവേളയ്ക്ക് ശേഷം അതിര്‍ത്തിയില്‍ ഇപ്പോള്‍ സംഘര്‍ഷം വളരെ രൂക്ഷമാണ്. കശ്മീരിലെ പൊതുപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ തെരഞ്ഞു പിടിച്ച്‌ വധിക്കുകയെന്ന ശൈലിയാണ് ഭീകരര്‍ സ്വീകരിക്കുന്നത്.

അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും രൂക്ഷമാണ്. മഞ്ഞുകാലം തുടങ്ങുന്നതിന് മുന്‍പ് കൂടുതല്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യയിപ്പോള്‍.