ന്യൂഡെല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യാപ്റ്റന്‍ ഇന്ന് ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമരീന്ദറിന്റെ ഡെല്‍ഹി സന്ദര്‍ശന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബി ജെ പി പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിക്കുന്നത്. എന്നാല്‍ അമരീന്ദര്‍ ബിജെപി നേതാക്കാളെ കാണുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസും വിഷയത്തോട് പ്രതികരിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് കൂടിയായ അമരീന്ദര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുമെന്ന പ്രചാരണം ശക്തമായിരുന്നു.
എന്നാല്‍ അമരീന്ദറിന്റെ ഡെല്‍ഹി സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമാണെന്നാണ് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് പറയുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്ക്കാന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതാണ് അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. അപമാനിതനായിട്ടാണ് താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചതായും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അമരീന്ദറിന്റെ പകരക്കാരനായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റെടുത്ത ചടങ്ങിലും അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തപ്പോഴാണ് ചടങ്ങില്‍ നിന്നും അമരീന്ദര്‍ മാറി നിന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പഞ്ചാബില്‍ നടക്കുന്ന മാറ്റങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായി തീരുമെന്നതില്‍ സംശയമില്ല. പഞ്ചാബ് കോണ്‍ഗ്രസിലും ജനങ്ങള്‍ക്കിടെയിലും ശക്തമായ സ്വാധീനമുള്ള അമരീന്ദറിന്റെ നീക്കം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെയും ബാധിക്കും. അതിനാല്‍ അമരീന്ദറിന്റെ ചുവടു മാറ്റം എവിടേക്കാണെന്ന്കോണ്ഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.
അമരീന്ദര്‍ സിങിന്റെ രാജിക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറികള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാനും ദേശീയ നേതൃത്വം ശ്രദ്ധചെലുത്തുന്നുണ്ട്. അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു സ്ഥാനം രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തുടരുമെങ്കിലും വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്ക്കാന് സാധിക്കില്ലെന്നാണ് സിദ്ദു അറിയിച്ചിരിക്കുന്നത്.