ബെംഗളുരുവിൽ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ

ബെംഗളുരു: നഗരത്തിലെ ആള്‍ത്തിരക്കേറിയ വിന്‍സണ്‍ ഗാര്‍ഡനിലെ തെരുവിൽ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു.

വിവരം നൽകിയിട്ടും തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണതോടെ സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.

സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് എടുക്കും. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.