സ്വത്ത് തട്ടിയെടുക്കാൻ കുടുംബത്തിലെ അഞ്ച് പേരെ ബന്ധു കൊലപ്പെടുത്തി

ഗാസിയാബാദ്: സ്വത്ത് തട്ടിയെടുക്കാൻ കുടുംബത്തിലെ അഞ്ച് പേരെ ബന്ധു കൊലപ്പെടുത്തി. 20 വർഷത്തിനിടെയാണ് കൊലപാതകങ്ങൾ നടന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ലീലു ത്യാഗിയാണ് കൊലപാതക പരമ്പരയ്ക്ക് പിന്നിൽ. തന്റെ അടുത്ത ബന്ധുക്കളെയാണ് ഇയാളും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്.

ലീലുവിന്റെ ബന്ധുവായ രേഷു എന്ന യുവാവിനെ കാണാതായത് സംബന്ധിച്ച പരാതി അന്വേഷിച്ചതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ലീലു ത്യാഗിക്കൊപ്പം ഇയാളുടെ രണ്ട് കൂട്ടാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ ഒളിവിലാണ്.

20 വർഷങ്ങൾക്ക് മുൻപാണ് ലീലു ആദ്യത്തെ കൊലപാതകം നടത്തിയത്. തന്റെ ജ്യേഷ്ഠ സഹോദരൻ സുധീർ ത്യാഗിയെയാണ് ആദ്യം ലീലു ത്യാഗിയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ വിഷം നൽകി എട്ട് വയസ്സ് മാത്രം പ്രായമുള്ള സുധീറിന്റെ മകളേയും ലീലു കൊലപ്പെടുത്തി.

കുറച്ച് വർഷങ്ങൾക്ക് ശേഷം സുധീറിന്റെ രണ്ടാമത്തെ മകളെ കൊന്ന് പുഴയിലെറിഞ്ഞു. 2012ൽ ലീലു തന്റെ രണ്ടാമത്തെ സഹോദരനായ ബ്രിജേഷിനേയും കൊലപ്പെടുത്തി. ബ്രിജേഷിന്റെ രണ്ടാമത്തെ മകൻ രഷുവിനെ കൊലപ്പെടുത്താൻ ഓഗസ്റ്റിൽ ലീലുവും കൂട്ടാളികളും പദ്ധതിയിട്ടിരുന്നു.

ഓഗസ്റ്റ് എട്ടിന് രേഷുവിനെ ഒരു പാർട്ടിക്കായി ക്ഷണിച്ച ശേഷം കഴുത്തിൽ കയറ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം രേഷുവിന്റെ മൃതശരീരം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞു.താൻ കൊലപ്പെടുത്തിയ മുതിർന്ന സഹോദരന്റെ വിധവയ്ക്ക് ഒപ്പമായിരുന്നു ലീലു ഇത്രയും നാൾ താമസിച്ചത്.

ഇതിനിടെ സഹോദരന്റെ സ്വത്തും ലീലു സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ കൊലപാതകങ്ങൾ ഉണ്ടായിട്ടും ആർക്കും ലീലുവിനെ സംശയമുണ്ടായിരുന്നില്ല.