പാകിസ്ഥാന്‍ തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുന്ന രാജ്യം; സ്വയം രക്ഷകരെന്ന് നടിക്കുന്നു; ഇമ്രാന്‍ഖാന് മറുപടിയുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ഭീകരവാദത്തെ മഹത്വവത്കരിക്കുകയും അതേസമയം തങ്ങള്‍ ഭീകരവാദിത്തിന് എതിരാണെന്ന് നടിക്കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ. ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ച് ഐക്യ രാഷ്ട്രസഭയില്‍ ഇന്നലെ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

ഉസാമ ബിന്‍ലാദന് പോലും ഒരിക്കല്‍ അഭയം നല്‍കിയെന്നും എന്നിട്ട് രക്തസാക്ഷിയായി ആദരിക്കുകയും ചെയ്യുകയാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യയുടെ സെക്രട്ടറി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ മധ്യസ്ഥത വഹിക്കാനെന്ന പേരില്‍ കലാപത്തിനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ഇന്ത്യ പറഞ്ഞു.

‘ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന സ്ഥിതിവിശേഷമാണ് പാകിസ്ഥാനിലുള്ളത്. എന്നാല്‍ അദ്ദേഹം പാകിസ്ഥാനിലെ ആ സ്ഥിതിയെക്കുറിച്ച് സംസാരിച്ചില്ല,’- സ്‌നേഹ ദുബെ കുറ്റപ്പെടുത്തി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാന്‍ അതിന്റെ വീട്ടുമുറ്റത്ത് ഭീകരരെ വളര്‍ത്തുന്നതുപോലുള്ള നയം സ്വീകരിക്കുന്നത് കാരണം ലോകം മുഴുവന്‍ കഷ്ടപ്പെട്ടുവെന്നും ഇന്ത്യ പ്രതികരിച്ചു. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും അതിനായി പണമൊഴുക്കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇത് ലോകത്തിനു മുഴുവന്‍ അറിവുള്ളതാണ്. ഇന്ത്യ കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരകളാണ് എന്നാണ് കേട്ടിരിക്കുന്നത്. തീ കെടുത്താന്‍ എന്ന് പറഞ്ഞ് പുരയ്ക്ക് തന്നെ തീയിടുന്ന പോലെയാണിത്. യുഎന്‍ പൊതുസഭയില്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന് വേണ്ടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാദിച്ചിരുന്നു.

അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്നതും കുഴപ്പങ്ങള്‍ തുടരുന്നതും കൂടുതല്‍ അന്താരാഷ്ട്ര തീവ്രവാദികളെ സൃഷ്ടിക്കുക മാത്രമേ ചെയ്യൂവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാദം. അഫ്ഗാനെ അവഗണിച്ചാല്‍ പ്രത്യാഘാതമുണ്ടാകുന്നത് അയല്‍ക്കാര്‍ക്ക് മാത്രമാകില്ല, ലോകത്തിന് മുഴുവന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. അഫ്ഗാനില്‍ പൗരാവകാശങ്ങളെ മാനിക്കുമെന്ന താലിബാന്റെ വാഗ്ദാനവും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.