പെരുമഴയത്ത് തെരുവുനായ്ക്കൾക്ക് കുടയിൽ ഇടം നൽകി ട്രാഫിക് പോലീസ്: മനം നിറയ്ക്കുന്ന കാഴ്ച, വൈറൽ ചിത്രം

കൊല്‍ക്കത്ത : സോഷ്യല്‍ മീഡിയയില്‍ ദിവസം നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.കൊല്‍ക്കത്ത പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നഗരത്തിലെ കനത്ത മഴയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നീലയും വെള്ളയും കലര്‍ന്ന നിറത്തോട് കൂടിയ ഒരു വലിയ കുട ചൂടി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ചിത്രം. എന്നാല്‍, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പോലീസുകാരന്റെ കുടക്കീഴില്‍, മഴയില്‍ നിന്ന് അഭയം തേടി എത്തിയ ചില തെരുവ് നായ്ക്കളാണ്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്താതെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ട് നിശബ്ദമായിട്ടാണ് നായ്ക്കള്‍ അദ്ദേഹത്തിന് കൂട്ടിരിക്കുന്നത്.

കൊല്‍ക്കത്തയിലെ തിരക്കേറിയ പാര്‍ക്ക് സര്‍ക്കസിലായിരുന്നു സംഭവം. ചിത്രത്തില്‍ കാണുന്ന ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ തരുണ്‍ കുമാര്‍ മണ്ഡല്‍ എന്ന ആ പോലീസുകാരനെ തിരിച്ചറിഞ്ഞ കൊല്‍ക്കത്ത പോലീസ് തങ്ങളുടെ ട്വിറ്ററില്‍ പേജില്‍ ഫോട്ടോയോടൊപ്പം കുറിച്ചത് ഇങ്ങനെയാണ്, ‘ഇന്നത്തെ നിമിഷം! ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ തരുണ്‍ കുമാര്‍ മണ്ഡല്‍, പാര്‍ക്ക് സര്‍ക്കസിലെ 7 പോയിന്റ് ക്രോസിംഗില്‍’ ഇതിനോടൊപ്പം അവര്‍, വി കെയര്‍ വി ഡെയര്‍ എന്ന ഒരു ഹാഷ്ടാഗ് കൂടി ചേര്‍ത്തിരുന്നു. ചിത്രത്തിന് ഇതിനോടകം 2600 ഓളം ലൈക്കുകളും 350ഓളം റീട്വീറ്റുകളും നേടി.