കാശ്മീരിലെ ഷോപിയാന്‍ മേഖലില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ ചിത്രാഗം ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഈ മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചില്‍ നടത്തുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിരുന്നു. അതിനു ശേഷം പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ കയ്യില്‍ നിന്നും ഒരു തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.