പാകിസ്താൻ വ്യോമപാതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് പറന്നു

ന്യൂഡെൽഹി: പാകിസ്താൻ വ്യോമപാതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് പറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പാകിസ്താൻ വ്യോമപാത തുറന്നുനൽകിയതോടെയാണിത്. സുരക്ഷാ കാരണങ്ങളാൽ അഫ്ഗാൻ വ്യോമപാത ഒഴിവാക്കി പാക് വ്യോമപാതയിലൂടെ യുഎസിലേക്ക് പറക്കാനാണ് ഇന്ത്യ പാകിസ്താന്റ അനുമതി തേടിയത്.

ഇന്ത്യയുടെ ആവശ്യപ്രകാരം വ്യോമപാത ഉപയോഗിക്കാൻ പാക് അധികൃതർ അനുമതി നൽകിയതായി ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വിദേശ യാത്രകൾക്ക് വ്യോമപാത ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പാക് നടപടിയിൽ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈനേഷനിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഈ വർഷം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രീലങ്കൻ സന്ദർശനത്തിനായി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അമേരിക്കയിലേക്ക് തിരിച്ചത്.

വാഷിങ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തും സംസാരിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചയും നടത്തും. അമേരിക്കൻ പ്രസിഡന്റായശേഷം ജോ ബൈഡനുമായുള്ള മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചർച്ച നടത്തും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയാവും. യു.എസ്. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെയും പ്രമുഖ അമേരിക്കൻ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.