ഗോവ: പ്രമുഖ മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകന് ശുഭം ഡെഡ്ജ് എന്നിവര്‍ കാര്‍ അപകടത്തില്‍ പെട്ട് മുങ്ങി മരിച്ചു. വളരെ ശക്തമായ ഒഴുക്കിലേക്ക് വീണയുടന്‍ കാര്‍ ലോക്കായതോടെ പുറത്തിറങ്ങാന്‍ കഴിയാതെ നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
അമിത വേഗതയില്‍ എത്തിയ കാര്‍ ബാഗ-കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണത്തിന് ശേഷം സെപ്തംബര്‍ പതിനഞ്ചിനാണ് ഇരുവരും അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. പാലത്തിലേക്ക് വളരെ ശക്തിയായി കാര്‍ വന്നിടിക്കുകയായിരുന്നു. പുഴയിലേക്ക് തലകുത്തിമറിഞ്ഞ കാറിന്റെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും ഉള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിക്കെയാണ് അപകടം.