ഉറിയിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം; ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാൻ ശ്രമം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷാസേന. നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് ആയുധ ധാരികളായ സംഘമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയം.

വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഫോണ്‍ സര്‍വീസും നിര്‍ത്തിവച്ചു. 2016 സെപ്റ്റംബര്‍ 18 ന് രണ്ട് ചാവേര്‍ ആക്രമണകാരികള്‍ സൈനിക സ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറി 19 സൈനികര്‍ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് നിരവധി തീവ്രവാദ വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഡെല്‍ഹിയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, ആറോളം പേര്‍ വരുന്ന സംഘം പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറി എന്നാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റതായും അവര്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഫോണ്‍ സേവനങ്ങളും ഇന്റര്‍നെറ്റും താല്‍ക്കാലികമായി നിര്‍ത്തുന്നത്.