ശ്രീനഗർ: കരസേനയുടെ ഹെലികോപ്റ്റർ ജമ്മു കശ്മീരിൽ തകർന്ന് വീണു. ഉധംപുർ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. ഹെലികോപ്റ്ററിൽ രണ്ട് സൈനികരുണ്ടായിരുന്നുവെന്നും മഞ്ഞ് വീഴ്ച്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുർ ഡി.ഐ.ജി സുലൈമാൻ ചൗധരി അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്നും ഡിഐജി പറഞ്ഞു.
പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഓഗസ്റ്റിൽ ജമ്മുവിൽ മറ്റൊരു സൈനിക ഹെലികോപ്റ്റർ തകർന്നു വീണിരുന്നു.