പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുറിവേറ്റ സിംഹത്തെ പോലെ അമരീന്ദർ

ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിൽ താൽക്കാലിക വെടിനിർത്തൽ. സംസ്ഥാന മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരണ്‍ജിത്. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും.

ഞായറാഴ്ച ചണ്ഡിഗഡില്‍ നടന്ന നേതൃയോഗമാണ് ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം ​ഗവർണറെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായി സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. അമരീന്ദറിനെതിരെ സിദ്ധുവിനൊപ്പം നിന്നയാളാണ്.

അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും ചരണ്‍ജിത് വഹിച്ചിരുന്നു. ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല് ‍ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നും സിദ്ദു വാദിച്ചു.തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നുവെന്നാണ് വിവരം.

ഹൈക്കമാന്‍ഡിന്റെ പിന്തുണ നഷ്ടമായതോടെയാണ് അമരിന്ദര്‍ രാജിവച്ചത്.അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. താന്‍ അപമാനിതനായെന്ന് രാജിയ്ക്ക് ശേഷം, അദ്ദേഹം മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ് അമരീന്ദർ പറഞ്ഞു.

എങ്കിലും മുറിവേറ്റ സിംഹത്തെ പോലെയാണ് അമരീന്ദർ. ബിജെപിയിൽ ചേരുന്നതടക്കം ആലോചനയിലുണ്ടെന്നാണ് സൂചന. അടുത്തത് എന്താണെന്ന് ഉടന്‍ തീരുമാനിക്കും. രാഷ്ട്രീയത്തില്‍ എപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും നിലവില്‍ താന്‍ കോണ്‍ഗ്രസിലാണുള്ളതെന്നും അമരീന്ദർ പറഞ്ഞു. അമരിന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ രാജി.