കനയ്യ കുമാർ കോൺഗ്രസിൽ ചേരില്ല; റിപ്പോർട്ടുകൾ വീണ്ടും തള്ളി സിപിഐ

ന്യൂഡെൽഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി സിപിഐ. അനാവശ്യ അഭ്യൂഹമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരായ ഹീന പ്രചാരണമാണിത്. അഭ്യൂഹം മാത്രമെന്ന് കനയ്യ കുമാര്‍ പാര്‍ട്ടിയെ അറിയിച്ചുവെന്നും ഡി രാജ പറഞ്ഞു.

രാഹുല്‍​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യകുമാര്‍ ഈ മാസം 28ന് കോണ്‍​ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിൻ്റെ വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.