ബെംഗളൂരുവിലെ നടപ്പാതയിൽ 17-കാരൻ വെടിയേറ്റു മരിച്ച നിലയിൽ

ബെംഗളൂരു: പതിനേഴുകാരനെ തലയ്ക്ക് വെടിയേറ്റു മരിച്ച നിലയിൽ ബെംഗളൂരു നഗരത്തിലെ നടപ്പാതയിൽ കണ്ടെത്തി. ആർടി നഗറിലെ ഗംഗാനഗർ സ്വദേശി ഭഗത് സിങ്ങിന്റെ മകൻ രാഹുൽ ഭണ്ഡാരിയാണ് മരിച്ചത്. സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്ന് കരുതുന്നതായി സദാശിവനഗർ പോലീസ് അറിയിച്ചു. നഗരത്തിലെ ആർമി പബ്ലിക് സ്കൂളിൽ ഒന്നാംവർഷ പിയുസി വിദ്യാർഥിയാണ്.

പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാഹുൽ വ്യാഴാഴ്ച രാത്രി വരെ പഠനത്തിലായിരുന്നു. സദാശിവനഗറിലെ ആർ.വി.എം. സെക്കൻഡ് സ്റ്റേജിലുള്ള ഇന്ത്യൻ എയർഫോഴ്‌സ് കമാൻഡ് ട്രെയിനിങ് ഹെഡ് ക്വാർട്ടേഴ്‌സിനു സമീപം വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെയാണ് സംഭവം. ഇവിടെയുള്ള ബിഎംടിസിയുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തോട് ചേർന്ന് നടപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പത്താം ക്ലാസിൽ 90 ശതമാനം മാർക്ക് നേടിയ വിദ്യാർഥിയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. വെടിവെക്കാനുപയോഗിച്ച തോക്ക് മൃതദേഹത്തിനു സമീപത്തുനിന്ന്‌ കണ്ടെടുത്തു. ആർമി ഹവിൽദാറായി വിരമിച്ച ഭഗത് സിങ്ങിന്റെ തോക്കാണിത്. മകനെ തോക്കുപയോഗിക്കാൻ പഠിപ്പിച്ചിരുന്നതായി ഭഗത് സിങ് പോലീസിന് മൊഴിനൽകി.

പുലർച്ചെ 3.30-ഓടെയാണ് രാഹുൽ വീട്ടിൽനിന്നിറങ്ങിയത്. അലമാരയിൽനിന്ന് രക്ഷിതാക്കൾ കാണാതെ തോക്കെടുത്ത് പുറത്തുപോയ രാഹുൽ ഭണ്ഡാരി ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം തലയ്ക്ക് സ്വയം വെടിവക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ(സെൻട്രൽ)എം.എൻ. അനുചേത് പറഞ്ഞു.