കോടികൾ വിലയുള്ള സ്പൈനൽ മസ്കുലർ അട്രോഫി മരുന്നിന് ഇനി നികുതി ഇല്ല; ക്യാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാനും തീരുമാനം

ന്യൂഡെല്‍ഹി: കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ചര്‍ച്ചയായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോ​ഗത്തിലാണ് തീരുമാനം. കോടികള്‍ വിലവരുന്ന മരുന്നിന് വേണ്ടി സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.

സോള്‍ജിന്‍സ്മ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ഇത് ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന എസ്‌എംഎ മരുന്നിന് കോടികളാണ് വില.
അതേസമയം, ബയോ ഡീസലിന്റെ നികുതി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 ശതമാനം ഉണ്ടായിരുന്ന നികുതി അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.

ക്യാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാനും കൗണ്‍സിലില്‍ തീരുമാനമായിട്ടുണ്ട്.
2022 ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കാം തീരുമാനമായി. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക.