പാചകം ചെയ്തും ക്ലാസെടുത്തും യൂട്യൂബിലിട്ടു; പ്രതിമാസം നാല് ലക്ഷം വരുമാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ബറൂച്ച്‌: കേന്ദ്രമന്ത്രി സ്ഥാനത്തിനൊപ്പം തൻ്റെ മറ്റൊരു വരുമാനമാർഗം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യൂട്യൂബില്‍ നിന്നുള്ള പ്രതിമാസ വരുമാനം നാല് ലക്ഷം രൂപയാണെന്ന് നിതിന്‍ ഗഡ്കരി പറയുന്നു. കൊറോണ കാലത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ആയിരത്തോളം ലക്ചര്‍ വീഡിയോകളാണ് യൂട്യൂബില്‍ നിന്ന് പണം ലഭിക്കാൻ ഇടയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘കൊറോണ കാലത്ത് ഔദ്യോഗിക ജോലികള്‍ക്ക് പുറമേ ഞാന്‍ രണ്ട് കാര്യങ്ങള്‍ ചെയ്തിരുന്നു. ഒന്ന് പാചകം ചെയ്യാന്‍ ആരംഭിച്ചു. രണ്ടാമത്തേത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ ഉള്‍പ്പെടെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ എടുത്തു. അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഉയര്‍ന്നതോടെ മാസത്തില്‍ നാല് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. നിതിന്‍ ഗഡ്കരി വിശദീകരിച്ചു. എന്തായാലും ഗഡ്കരിയുടെ കഠിനാധ്വാനവും കാര്യശേഷിയും പലർക്കും മാതൃകയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.