എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ്; സ്‌പൈസ്‌ജെറ്റും രംഗത്ത് ; പോര് മുറുകി

ന്യൂഡെൽഹി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റും രംഗത്ത് എത്തിയതോടെ മൽസരം കടുക്കും. എയർ ഇന്ത്യക്കായി ടാറ്റ അപേക്ഷ സമര്‍പ്പിച്ചു. ലേലത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതിയായ ഇന്നലെയാണ് ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ടാറ്റക്കൊപ്പം സ്‌പൈസ്‌ജെറ്റാണ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ട്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ഡല്‍ഹിയിലെ എയര്‍ലൈന്‍സ് ഹൗസും ലേലത്തിന്റെ ഭാഗമായിരിക്കും.