പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിൽ എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂഡെൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന്റെ നീക്കം ജിഎസ്ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പൻചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്.
ഈ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനി പിന്നോട്ട് പോക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പലഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതെന്നും കേന്ദ്ര സർക്കാർ പറയുന്നു. ആദ്യ ഘട്ടത്തിൽ ഏവിയേഷൻ ഫ്യുവലായിരിക്കും ഈ പരിധിയിൽ വരികയെന്നാണ് റിപ്പോർട്ട്.

മാധ്യമങ്ങൾ വഴി വാർത്തകൾ പുറത്ത് വിട്ടത് കേന്ദ്രത്തിന്റെ തന്ത്രമാണെന്ന് സംസ്ഥാനങ്ങൾ ആരോപിക്കുന്നു. സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്ന ബാധ്യത എറ്റെടുക്കാതെ ഏകപക്ഷിയമായ തീരുമാനം അടിച്ചേൽപിക്കാൻ ശ്രമമുണ്ടെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു. ലഖ്നൗവിൽ തന്നെ ജിഎസ്ടി കൗൺസിൽ വച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു.

നാളത്തെ ജിഎസ്ടി കൗൺസിലിൽ കേരളും എതിർപ്പ് പ്രകടിപ്പിക്കും. തമിഴ്നാട്, ബം​ഗാൾ, രാജസ്ഥാൻ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഒപ്പം നിർത്താനും കേരളം ശ്രമിക്കും. കേന്ദ്രം ഏർപ്പെടുത്തിയ ചില സെസുകൾ എടുത്ത് മാറ്റിയാൽ തന്നെ ഇന്ധനവില കുറയ്ക്കാൻ സാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വാദം.