ഇന്ത്യയിൽ 77 ശതമാനം ജനങ്ങളും പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: രാജ്യത്തെ 77 ശതമാനം ആൾക്കാരും പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുവെന്ന് റിപ്പോർട്ട്. ലോക്കൽ സർക്കിൾ എന്ന ഓൺലൈൻ സ്ഥാപനം നടത്തിയ സർവേയിലാണ് അഭിപ്രായ പ്രകടനം നടത്തിയത്.

സർവ്വേയിൽ പങ്കെടുത്ത 51 ശതമാനം പേരും പെട്രാൾ വില കൂടിയതിനാൽ തങ്ങളുടെ ചിലവുകൾ വെട്ടികുറയ്ക്കാൻ നിർബന്ധിതരായി എന്ന് അഭിപ്രായപ്പെട്ടപ്പോൾ 21 ശതമാനം പേർ അത്യാവശ്യ ചിലവുകൾക്ക് നീക്കിവച്ചിരുന്ന തുക പോലും പെട്രോൾ അടിക്കുന്നതിനു വേണ്ടി ചിലവഴിക്കേണ്ടി വന്നുവെന്ന് അഭിപ്രായപ്പെട്ടു. 14 ശതമാനം പേർ പെട്രോൾ അടിക്കുന്നതിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞു.

പെട്രോളും ഡീസലും ജി എസ് ടിക്കു കീഴിൽ കൊണ്ടു വന്നാൽ 20 മുതൽ 30 രൂപ വരെ ലിറ്ററിന് വില കുറയുമെന്നും അങ്ങനെയെങ്കിൽ രാജ്യത്ത് ബുദ്ധിമുട്ടുന്ന നിരവധി ജനങ്ങൾക്ക് അത് വലിയൊരു ആശ്വാസമാകുമെന്നും സർവ്വേയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയിലെ 379 ജില്ലകളിലായി നടത്തിയ സർവ്വേയിൽ 7500 പേർ പങ്കെടുത്തു. 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ് സർവ്വേയിൽ പങ്കെടുത്തത്.

കേന്ദ്ര സർക്കാർ പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണ്. നാളെ നടക്കുന്ന ജി എസ് ടി കൗൺസിൽ മീറ്റിംഗിൽ പെട്രോളും ഡീസലും ജി എസ് ടിക്കു കീഴിൽ കൊണ്ടു വരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.