ന്യൂഡെല്‍ഹി: കൊറോണ വ്യാപിച്ചതിനൊപ്പം വര്‍ക് ഫ്രം ഹോം സംവിധാനത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. നിരവധി കമ്പനികളാണ് വര്‍ക് ഫ്രം ഹോം സംവിധാനത്തിലൂടെ ലോക്ക്ഡൗണ്‍ സാഹചര്യത്തെ മറികടന്നത്. ഓഫീസ് വീട്ടകങ്ങളിലേക്ക് മാറിയതിന്റെ ഗുണദോഷങ്ങളെല്ലാം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത് ഭര്‍ത്താവിന് നല്‍കിയ വര്‍ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഭാര്യയുടെ കത്താണ്.
എങ്ങനെ മറുപടി നല്‍കണമെന്ന് അറിയില്ല എന്ന തലക്കെട്ടോടെ ബിസിനസ്സുകാരനായ ഹര്‍ഷ് ഗോയങ്കയാണ് കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞ് തുടങ്ങുന്ന കത്തില്‍ ഭര്‍ത്താവിനെ ഇനിമുതല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും എല്ലാ കൊറോണ പ്രോട്ടോക്കോളുകളും ഭര്‍ത്താവ് പാലിക്കുമെന്നും പറയുന്നു.
വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ വീട്ടിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭാര്യ പറയുന്നു. ഇനിയും ഇതു തുടര്‍ന്നാല്‍ തങ്ങളുടെ വിവാഹബന്ധം നീണ്ടുനില്‍ക്കില്ല. ഭര്‍ത്താവ് ഒരു ദിവസം പത്തുതവണയോളം ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്. അതോടൊപ്പം ജോലിക്കിടെ ഉറങ്ങുന്നതു പോലും കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തില്‍ പറയുന്നു.
തനിക്ക് രണ്ടുകുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം തിരിച്ചുകിട്ടാന്‍ താങ്കളുടെ സഹായം തേടുന്നുവെന്നും പറഞ്ഞാണ് ഭാര്യ കത്ത് അവസാനിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി മിക്ക വീടുകളിലേയും അവസ്ഥ ഇതാണെന്നും തങ്ങള്‍ക്ക് ഈ അവസ്ഥ മനസ്സിലാകുമെന്നും സ്ത്രീകള്‍ കമന്റ് ചെയ്തു.