ഭവാനിപൂരില്‍ പ്രിയങ്ക തിബ്രെവാള്‍ മമതയുടെ എതിരാളി ; മുഖ്യമന്ത്രിക്കെതിരേ വക്കീലിനെ രംഗത്തിറക്കി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമതാ ബാനര്‍ജി ഭവാനിപൂരിലേക്ക് ഇറങ്ങുമ്പോള്‍ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ് ബിജെപി. ഏതുവിധേനയും മമതയെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ബിജെപി കൊല്‍ക്കത്ത ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും പ്രശസ്ത അഭിഭാഷകയായ പ്രിയങ്ക തിബ്രെവാളിനെയാണ് സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയിരിക്കുന്നത്.

ബംഗാളില്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങള്‍ക്കെതിരെയുള്ള കേസ് കോടതിയില്‍ നടത്തുന്നത് പ്രിയങ്ക തിബ്രെവാളാണ്. 2014ലാണ് പ്രിയങ്ക ബിജെപിയില്‍ ചേരുന്നത്. ബിജെപിയുടെ യൂത്ത് വിങ് വൈസ് പ്രസിഡന്റു കൂടിയാണ് അവര്‍.

ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ത്രിണമൂല്‍ സ്ഥാനാര്‍ത്ഥിയോട് 58,257 വോട്ടുകള്‍ക്ക് പ്രിയങ്ക പരാജയപ്പെട്ടിരുന്നു. 2016 ല്‍ കൊല്‍ക്കത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും നിരാശയായിരുന്നു ഫലം. ത്രിണമൂല്‍ സ്ഥാനാര്‍ത്ഥിയോടായിരുന്നു പ്രിയങ്ക അവിടെയും പരാജയപ്പെട്ടത്.

മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ ലീഗല്‍ അഡൈ്വസറായിരുന്ന പ്രിയങ്ക തിബ്രെവാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിയാണ് ബിജെപിയില്‍ ചേരുന്നത്. മമതക്കെതിരെ യുവനേതാവിനെ അണിനിരത്തി, തൃണമൂല്‍ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ ഗ്ലാമര്‍ പോരാട്ടത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഭവാനിപൂരില്‍ മമതക്കെതിരെ മല്‍സരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. യുവ അഭിഭാഷകനായ ശ്രീജിബ് ബിശ്വാസാണ് സിപിഎം സ്ഥാനാര്‍ത്ഥി. നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. നവംബറിനകം നിയമസഭയിലേക്ക് ജയിച്ചില്ലെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വരും. ഇതോടെയാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.

മുമ്പ് രണ്ടു തവണ മമത ബാനര്‍ജി ഭവാനിപൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഈ മാസം 30 നാണ് ഭവാനിപൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്. മമതക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം, ഇടത്-കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കിയിട്ടുണ്ട്.