ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം: പത്തുപേർക്ക് പരിക്ക്; നാലുപേർ കസ്റ്റഡിയിൽ

അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്. സി പി എമ്മിന്റെ രണ്ട് ഓഫിസുകൾ കത്തിച്ചു. ആറ് വാഹനങ്ങളും അഗ്നിക്കിരയാക്കി. മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. നാല് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത മൂന്ന് പേർ തങ്ങളുടെ പ്രവർത്തകരാണെന്ന് സി പി എം പറയുന്നു.

ബി ജെ പി പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിബാദി കലാം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആരേയും ആക്രമിച്ചിട്ടില്ലെന്നും ഏഴ് പ്രവർത്തകരെ സി പി എം ആക്രമിച്ച് പരിക്കേൽപ്പിച്ചതായും ബിജെപി ആരോപിക്കുന്നു.

അതേസമയം അക്രമികൾക്ക് എതിരെ പൊലീസ് നടപടി വേണമെന്ന് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ത്രിപുരയിൽ ഇന്നലെയാണ് സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം ഉണ്ടായത്.

തലസ്ഥാനമായ അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി. അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.