‘താലിബാൻ ഭീകരർക്കെതിരെ മരണം വരെ പോരാടുമെന്ന് അറിയിച്ചു, പിറ്റേന്ന് നാടുവിട്ടു’; മുൻ പ്രസിഡന്റ് അഷ്റഫ് ഘനിക്കെതിരെ അമേരിക്കയുടെ വെളിപ്പെടുത്തൽ

ന്യൂഡെല്‍ഹി: അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിംഗന്‍. താലിബാന്‍ ഭീകരർ കാബൂള്‍ പിടിച്ചെടുത്തതിന് തലേന്ന് മരണം വരെ പോരാടുമെന്നാണ് അഷ്റഫ് ഘനി അറിയിച്ചതെന്ന് ഒരു അഫ്ഗാന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി ബ്ളിംഗന്‍ പറഞ്ഞു.

കാബൂളിലും അഫ്ഗാന്‍ സൈന്യം വീണതിന് പിന്നാലെ യുഎഇയിലേക്കാണ് ഘനി നാടുവിട്ടത്. മൂന്ന് ലക്ഷത്തോളം സര്‍ക്കാര്‍ സൈന്യമുണ്ടായിട്ടും താലിബാൻ ഭീകരർക്ക് മുന്നില്‍ അഫ്ഗാന്‍ സൈന്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

ഘനിയെ നാടുവിടാന്‍ സഹായിച്ചോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നാടുവിടുന്നതിന്റെ തലേന്ന് മരണം വരെ പോരാടുമെന്നാണ് തന്നെ അറിയിച്ചതെന്ന് ബ്ളിംഗന്‍ പറയുന്നു.
ഓഗസ്‌റ്റ് 15ന് അഫ്ഗാനിസ്ഥാന്‍ വിടാനിടയായ സാഹചര്യത്തിന് താന്‍ അഫ്ഗാനിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി ഇന്ന് ഘനി വിശദീകരണം നല്‍കിയിരുന്നു.

കൊട്ടാരത്തിലെ കാവല്‍ക്കാരുടെ ഉപദേശത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് ഘനി അറിയിച്ചു. താന്‍ ‘നാട്ടില്‍ നിന്നാല്‍ തൊണ്ണൂറുകളിലേത് പോലെ രാജ്യത്തെ തെരുവില്‍ രക്തരൂക്ഷിതമായ പോരാട്ടം നടക്കും’ എന്നും ഘനി പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു നാടുവിടാനെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.​