ശശികലയുടെ നൂറ് കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്.

ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. 2017ൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകൾ പരിശോധിച്ചശേഷമാണ് നടപടി.

നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതിൽപ്പെടുന്നു.