പശ്ചിമ ബംഗാളില്‍ 25 ബിജെപി എംഎല്‍എമാര്‍ തൃണമൂലിലേക്ക്; ബിജെപിയെ ആശങ്കയിലാഴ്ത്തി അഭിഷേക് ബാനര്‍ജിയുടെ പ്രഖ്യാപനം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്ക് ആശങ്ക. എംപിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിയുടെ പ്രസ്താവനയാണ് ഇതിനാധാരം. 25 ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായണ് അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ബിജെപി വിട്ട് വരുന്നവര്‍ തൃണമൂലില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അഭിഷേക് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം പാര്‍ട്ടി വിട്ട് പോയവ പ്രമുഖ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നാല് ബിജെപി എംഎല്‍എമാര്‍ ഇതുവരെ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്.

ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയ് ആണ് ഇതില്‍ പ്രമുഖന്‍. റോയ് ബിജെപി വിട്ടതോടെ അദ്ദേഹത്തിന്റെ അനുയായികളും തൃണമൂലിലെത്തിയിട്ടുണ്ട്.

ബിജെപി എംഎല്‍എമാര്‍ തൃണമൂലില്‍ ചേരാന്‍ താല്‍പര്യം പക്രടിപ്പിച്ചതായി ടിഎംസി എംപി സൗഗത റോയിയും വ്യക്തമാക്കി. ”അതെ, ബിജെപി എംഎല്‍എമാരില്‍ വലിയൊരു വിഭാഗം ടിഎംസിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു എന്നത് ഒരു വസ്തുതയാണ്. അഭിഷേക് ബാനര്‍ജി ഇത് പറഞ്ഞിരുന്നു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഞങ്ങള്‍ അവരെ സ്വീകരിക്കും.’

‘മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാള്‍ വളരുന്നു, ആഗോള ഭൂപടത്തില്‍ ബംഗാളിനെ ഉള്‍പ്പെടുത്താനുള്ള അവളുടെ ദൗത്യത്തിന്റെ ഭാഗമാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.”- സൗഗത റോയ് പറഞ്ഞു. നിലവില്‍ 71 എംഎല്‍എമാരാണ് ബംഗാള്‍ നിയമസഭയില്‍ ബിജെപിയ്ക്കുള്ളത്. ബിജെപി എംഎല്‍എമാരെ തൃണമൂലിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ബിജെപിക്ക് വൻ തിരിച്ചടിയാകുമെന്നാണ് സൂചന. 25 എന്നുള്ളത് 28 ലേക്ക് എത്തിയേക്കമെന്നും എംഎല്‍എമാരല്ലാത്ത 10 പാര്‍ട്ടി നേതാക്കളും തൃണമൂലിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൗഗത റോയി പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയ്ക്കെതിരായ ദേശീയ സഖ്യം രൂപീകരിക്കുന്നതിനും മമത മുന്‍പന്തിയിലുണ്ട്.