ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 30 ന് ; മമത ബാനർജിക്ക് നിർണായകം

ന്യൂഡെൽഹി: പശ്ചിമ ബംഗാളിലെ ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 30 ന് നടക്കും. മമത ബാനർജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ നിർണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.

ബംഗാളിലെ മറ്റുരണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഭവാനിപൂരിനൊപ്പം നടക്കും. സംസർഗഞ്ച്, ജാംഗിപുർ എന്നിവയാണ് സെപ്റ്റംബർ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റുരണ്ട് മണ്ഡലങ്ങൾ. ഒഡീഷയിലെ പിപ്ലിയിലും അന്നുതന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും.

എന്നാൽ മറ്റ് ഉപതിരഞ്ഞെടുപ്പുകൾ കൊറോണ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് 31 നിയമസഭാ മണ്ഡലങ്ങളിലെയും മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവച്ചിട്ടുള്ളത്.