താലിബാന്‍ അഫ്ഗാനിസ്ഥാനെ തീവ്രവാദം വളര്‍ത്തുന്ന മണ്ണാക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

ന്യൂഡെല്‍ഹി: ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും അഫ്ഗാന്‍ മണ്ണ് താലിബാന്‍ ഭീകരർ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം. ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദോഹയിലുള്ള താലിബാന്‍ ഭീകരനേതാവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ശക്തികളെ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക അറിയിക്കുന്നതിനും ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചുമാണ് പ്രധാനമമായും ചര്‍ച്ച ചെയ്തതെന്ന് എംഇഎ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചര്‍ച്ചയില്‍ അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് അരിന്ദം പ്രതികരിച്ചു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും താലിബാന്‍ ഭീകര നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.

താലിബാന്‍ ഭീകര ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ”ഇത് വെറും ചര്‍ച്ച മാത്രമായിരുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രതികരണം നടത്താനുള്ള സമയമായിട്ടില്ല” എന്നായിരുന്നു അരിന്ദം ബാഗ്ചിയുടെ മറുപടി. താലിബാനുമായി ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകുമോ എന്ന കാര്യത്തില്‍ ഭാവിയേക്കുറിച്ച് ഊഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താലിബാൻ ഭീകരരുടെ അപേക്ഷ പ്രകാരമാണ് മിത്തലും സ്റ്റാനക്‌സായിയും തമ്മില്‍ ചര്‍ച്ച നടന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മരുടെ യാത്രയെക്കുറിച്ചും സംസാരിച്ചതായി പ്രസ്താവനയില്‍ പറയുന്നുണ്ട്.

അഫ്ഗാനിസ്ഥാന്റെ മണ്ണ് ഒരു തരത്തിലും ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരതയ്ക്കും ഉപയോഗിക്കരുതെന്ന ഇന്ത്യയുടെ ആശങ്ക അംബാസഡര്‍ മിത്തല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് താലിബാന്‍ ഭീകര പ്രതിനിധി അംബാസഡറിന് ഉറപ്പ് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.