വർഗീയ ചുവയോടെ ചില മാധ്യമങ്ങൾ; വ്യാജ വാർത്തകളും വ്യക്തിഹത്യയും; യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ; ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡെൽഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എൻ വി രമണ. എല്ലാ വാർത്തകളും വർഗീയ ചുവയോടെയാണ് ചില മാധ്യമങ്ങൾ നൽകുന്നത്. ഇത് രാജ്യത്തിന്റെ പേര് മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപെടുത്തിയത്. ആർക്കും വെബ് പോർട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ്. ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കരുത്തരായവരെ മാത്രമേ സമൂഹ മാധ്യമങ്ങൾ കേൾക്കുകയുള്ളു. കോടതികളെയോ സാധാരണക്കാരെയോ മാനിക്കാറില്ല. ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. സർക്കാർ കൊണ്ട് വന്ന ചട്ടങ്ങൾ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി.

സർക്കാർ ചട്ടങ്ങൾ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിൽ കേസുകൾ നൽകിയിരിക്കുകയാണ്. ഈ ഹർജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാൻ ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.