ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കൊറോണ കേസുകളില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 30,941 കൊറോണ കേസുകളാണ്.
ഇതോടെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊറോണ കേസുകളുടെ എണ്ണം 3.27 കോടി ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 350 കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,38,560 ആയി ഉയര്‍ന്നു. 350 കൊറോണ മരണങ്ങളില്‍ 132 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 20,673 പേര് കൊറോണ ബാധിച്ച് മരിച്ചു.
രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,275 പേര് കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,19,59,680 പേര് ഇതുവരെ കൊറോണ മുക്തരായി. ഇന്നലെ 13,94,573 പരിശോധന നടത്തിയിരിക്കുന്നത്. 52 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 3,70,640 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം സജീവ രോഗികളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,62,286 പേര്‍ക്ക് കൂടി കൊറോണ വാക്സിന് നല്‍കിയതോടെ ആകെ വാക്സിനേഷന് 64,05,28,644 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ശതമാനമാണ്. ഇന്നലെ 19,622 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.