അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി കേന്ദ്ര സർക്കാർ. കൊറോണ മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചയാണ് സെപ്റ്റംബർ 30 വരെ വിലക്ക് നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31-നു അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

അന്താരാഷ്ട്ര കാർഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള ചില വിമാന സർവീസുകളെയും വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകൾ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങൾ ചില പാതകളിൽ സർവീസ് നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

കൊറോണ മഹാമാരി മൂലം കഴിഞ്ഞ വർഷം മാർച്ച് 23നാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ അതിർത്തികൾ അടഞ്ഞ് പല രാജ്യങ്ങളിലായി കുടുങ്ങികിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയർ ബബിൾ ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്.

എയർ ബബിൾ ഉടമ്പടിയിൽ യുകെ, യുഎസ്, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങളുണ്ട്. എന്നാൽ രണ്ടാം തരംഗത്തെ മുൻനിർത്തി ഈ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.