താലിബാന്‍ ഭീകരരുടെ പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരർ തങ്ങളുടെ അധികാരം ഉറപ്പിച്ചതോടെ ഇന്ത്യയ്ക്ക് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍ നിന്നും ആക്രമണ ഭീഷണി.
ജെയ്‌ഷെ മുഹമ്മദ് രാജ്യത്തെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച മുന്നറിയിപ്പ്.

അഫ്ഗാനിസ്ഥാനിലെ ജയിലിലായിരുന്ന നൂറോളം ജെയ്ഷ് ഭീകരരെ താലിബാന്‍ മോചിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ആക്രമണ ഭീഷണിയുണ്ടെന്നുള്ള മുന്നറിയിപ്പ്. അഫ്ഗാന്‍ കൈയ്യടക്കിയതിന് ശേഷം കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരസംഘടനയിലെ അംഗങ്ങളോട് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ നിര്‍ദേശിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതു സംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ആക്രമണങ്ങള്‍ക്ക് തയ്യാറാകാന്‍ ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിലും ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത നേതാക്കളും താലിബാന്‍ നേതൃത്വവും തമ്മില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് ജെയ്‌ഷെ മുഹമ്മദിന് താലിബാന്‍ ഭീകര ഭരണകൂടം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ താലിബാനു സഹായം നല്‍കുന്ന പാക് സേനകള്‍ക്കും അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഗുണകരമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കേന്ദ്ര ഏജന്‍സികള്‍.

20 വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ചാണ് അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്ന സാഹചര്യത്തിലാണ് താലിബാന്‍ ദീകര ഭരണകൂടം തങ്ങളുടെ അധീനത ഉറപ്പിച്ചത്. അഫ്ഗാന്‍ താലിബാന് പോലെയുള്ള ഒരു ഭീകരസംഘടനയുടെ നിയന്ത്രണത്തിലാകുന്നത് ആഗോള ഭീകരര്‍ക്ക് സുരക്ഷിത താവളമാകുമെന്ന ആശങ്കയും വിവിധ രാജ്യങ്ങള്‍ക്കുണ്ട്.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും താലിബാൻ ഭീകര ഭരണത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നു എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തെ വീടാണെന്നായിരുന്നു ഒരു താലിബാന്‍ ഭീകര വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും കശ്മീരിന്റ കാര്യത്തില്‍ ചര്‍ച്ചയിലൂടെ ധാരണയിലെത്തണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ താലിബാന്‍ ഭീകരരുടെ സഹായത്തോടെ പാകിസ്ഥാന്‍ കശ്മീര്‍ ആക്രമിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ നേതാവ് നീലം ഇര്‍ഷാദ് ഷെയ്ഖ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

അതേസമയം, ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദിനെതിരെ കനത്ത ആക്രമണമാണ് നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ നിരവധി മുതിര്‍ന്ന ജെയ്ഷ് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ പുതിയ മാറ്റങ്ങള്‍ ജെയ്‌ഷെ മുഹമ്മദിനെ ശക്തിപ്പെടുത്തുകയാണെന്ന ആശങ്കയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്.