ബജറ്റ് വിമാനക്കമ്പനി ഇന്‍ഡിഗോയുടെ വമ്പൻ പ്രഖ്യാപനം; പുതുതായി എട്ട് ആഭ്യന്തര സര്‍വീസുകള്‍

ന്യൂഡെൽഹി: ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനം നടത്തി. പുതുതായി എട്ട് വിമാന സര്‍വീസുകള്‍ നടത്താനാണ് നീക്കം. സെപ്തംബര്‍ ആദ്യവാരം മുതല്‍ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തും. ആഭ്യന്തര വിമാന സര്‍വീസുകളാണ് ആരംഭിക്കുന്നത്.

ഡെഹ്റാഡൂണ്‍, ഇന്‍ഡോര്‍, ലഖ്നൗ വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാണ് വിമാന സര്‍വീസുകള്‍. ഡെൽഹി – ലഖ്നൗ, ലഖ്‌നൗ – ജയ്പൂര്‍, ഇന്‍ഡോര്‍ – ലഖ്‌നൗ എന്നീ റൂട്ടുകളിലെ സര്‍വീസ് സെപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഡെൽഹിയെയും ഡെഹ്റാഡൂണിനെയും ബന്ധിപ്പിക്കുന്ന സര്‍വീസ് സെപ്തംബര്‍ അഞ്ച് മുതലാണ് ആരംഭിക്കുക. ഈ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഇന്റിഗോയുടെ തീരുമാനം.

വിമാന സര്‍വീസുകളുടെ എണ്ണം കൂടുമെന്നത് മാത്രമല്ല ഇതിന് കാരണം. ഡെൽഹി, ലഖ്‌നൗ, ജെയ്പൂര്‍, ഡെഹ്റാഡൂണ്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യത്തിന് ഒരു പരിഹാരവുമാകും കമ്പനിയുടെ തീരുമാനമെന്ന് ഇന്റിഗോയുടെ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യു ഓഫീസറായ സഞ്ജയ് കുമാര്‍ പറഞ്ഞു.