കേരളത്തില്‍ മാത്രം കേസുകള്‍ കൂടുന്നു; ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് മറ്റിടങ്ങളില്‍ കൊറോണ വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ മാത്രം കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 10000നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 51 ശതമാനവവും കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയുടെ വിഹിതം 16 ശതമാനമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 58 ശതമാനവും കേരളത്തില്‍ നിന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ കുറയുകയാണെന്ന് പറഞ്ഞ ആരോഗ്യ സെക്രട്ടറി കേരളത്തിലെ വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. രാജ്യത്ത് കൊറോണ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഉത്സവങ്ങളും മറ്റും ആഘോഷ പരിപാടികളും വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.