ജനസംഖ്യാനുപാതികമായി കൂടുതല്‍ പരിശോധന നടന്നത് കേരളത്തില്‍; ഇതിനോടകം പരിശോധനക്ക് വിധേയരായത് 80 ശതമാനം

ന്യൂ ഡെൽഹി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കൂടുതല്‍ കൊറോണ പരിശോധന കേരളത്തില്‍. സംസ്ഥാനത്ത് ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായെങ്കില്‍ കര്‍ണാടകത്തില്‍ 60 ശതമാനവും തമിഴ്നാട്ടില്‍ 55 ശതമാനവുമാണ്.

ജനസംഖ്യ കുറഞ്ഞവയുള്‍പ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും 50 ശതമാനത്തില്‍ താഴെയാണ്. പരിശോധന കൂടുന്തോറും രോഗം സ്ഥിരീകരിക്കുന്നത് വര്‍ധിക്കും. ഇതനുസരിച്ച് രോഗം പടരാതിരിക്കാനുള്ള നടപടിയും ജാഗ്രതയും കൂടും. സംസ്ഥാനത്ത് അധികവും രോഗം പിടിപെടാത്തവരാണെന്ന് വ്യക്തമാക്കുന്ന സിറോ സര്‍വേ തെളിയിക്കുന്നതും കേരളത്തിന്റെ തന്ത്രം ഫലപ്രദമാണെന്നാണ്.

എന്നാല്‍, മറ്റു പല സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷത്തിനും രോഗം വന്നുപോയെന്നാണ് പഠനങ്ങള്‍. മുമ്പ് ഐ സി എം ആര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ രോഗം വന്നുപോയത് അറിയാത്തവര്‍ ഒട്ടേറെയുണ്ടെന്ന് വ്യക്തമായിരുന്നു.

പടരുന്നത് തടയുക, പിടിപെട്ടാല്‍ ഗുരുതരമാകാതിരിക്കാന്‍ കരുതലെടുക്കുക, മരണം കുറയ്ക്കുക എന്നതാണ് കേരളത്തിന്റെ തന്ത്രം. ഡബ്ല്യു എച്ച് ഒ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനടക്കം ഒട്ടേറെ വിദഗ്ധര്‍ ഇതിന്റെ വിജയം എടുത്തുപറഞ്ഞു. രോഗമുക്തരുടെ എണ്ണത്തിലും ആദ്യം മുതലേ സംസ്ഥാനം രാജ്യശരാശരിയേക്കാള്‍ മുന്നിലാണ്.

കിടത്തിച്ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും നിശ്ചിത പരിധിക്കപ്പുറം കടന്നിട്ടില്ല. ആഗസ്തിലെ കണക്കിലും പൊസിറ്റീവാകുന്നവരുടെ എണ്ണത്തിനടുത്തോ അതില്‍ കൂടുതലോ ആണ് രോഗമുക്തര്‍. മഹാമാരി സംബന്ധിച്ച എല്ലാ വിവരങ്ങളും കേരള സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ലഭ്യവുമാണ്.