ഇന്ധനവില കൂടിയതോടെ വ്യാപക ഇന്ധന മോഷണം ; കള്ളൻമാരെ കുടുക്കാൻ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഇതോടെ സാധാരണക്കാര്‍ മാത്രമല്ല പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വരെ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

പല ഭാഗത്തും പൈപ്പ്ലൈനില്‍ ദ്വാരമുണ്ടാക്കി എണ്ണ ചോര്‍ത്തുന്നതാണ് പതിവ്. രാജ്യത്തെ പലഭാ​ഗത്തു നിന്ന് ഇന്ധനം മോഷണം പോയതോടെ കള്ളന്മാരെ പിടിക്കാന്‍ പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് ഐഒസി.

രാജ്യത്ത് 15000 കിലോമീറ്റര്‍ നീളത്തിലാണ് ഐഒസിയുടെ പൈപ്പ്ലൈന്‍ ഉള്ളത്. ഡ്രോണ്‍ നിരീക്ഷണം നടത്തി കള്ളനെ പിടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡ്രോണുകളുടെ ലൈവ് ഫീഡില്‍ നിന്ന് ചോര്‍ച്ചയും ഇന്ധന മോഷണവും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്.

2020-21 ല്‍ മാത്രം ഇത്തരത്തില്‍ 34 മോഷണം കണ്ടെത്തി. 54 പേര്‍ അറസ്റ്റിലായി. ഇക്കൂട്ടത്തിലെ അവസാനത്തെ സംഭവം ഹരിയാനയിലെ സോനിപതില്‍ ഓഗസ്റ്റ് 17 നാണ് റിപ്പോര്‍ട്ട് ചെയ്തത്.