ബംഗളൂരു: ശക്തമായ മഴയെത്തുടർന്ന് കർണാടകയിലെ ചിക്കബെല്ലാപുർ ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ മലയുടെ ഒരു ഭാഗത്ത് വൻതോതിൽ മണ്ണിടിഞ്ഞു. ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മണ്ണും പാറകളും മരങ്ങളും ഒഴുകിയെത്തി നന്ദി ഹിൽസിലേക്കുള്ള റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
മണ്ണിടിച്ചില്‍ കാരണം നന്ദിയിലേക്ക് എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബംഗളൂരു നഗരത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതത്തിന് തടസം നേരിട്ടു. ഹില്ലില്‍ സർക്കാർ കോട്ടേജുകളിൽ താമസിച്ചിരുന്ന ഏതാനും പേരെ രക്ഷപ്പെടുത്തി. ഹില്ലിലേക്കുള്ള ഗതാഗതവും ആശയ വിനിമയ മാര്‍ഗങ്ങളും ആഴ്ചകളോളം തടസപ്പെട്ടേക്കാം.
നന്ദി ക്രോസ് റോഡിലെ, റോഡിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി ദുരന്തനിവാരണ സേനയുടെ സംഘങ്ങള്‍ സംഭവ സ്ഥലത്തെത്തി.