തീവ്രവാദത്തെ താലിബാൻ പ്രോത്സാഹിപ്പിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും; സംയുക്​ത സൈനിക മേധാവി

ന്യൂഡെല്‍ഹി: താലിബാന്‍റെ ഭാഗത്ത്​ നിന്നും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന്​ സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്ത്​. ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന്​ സൈന്യം പ്രയോഗിക്കുന്ന അതേരീതികള്‍ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകും. അഫ്​ഗാനിസ്​താനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമങ്ങളെ അതേ രീതിയില്‍ തന്നെ നേരിടും. ഇന്തോ-പസഫിക് അഫ്​ഗാന്‍ സാഹചര്യം എന്നിവ ഒരേ രീതിയില്‍ നോക്കി കാണാനാവില്ല. അത്​ രണ്ടും വ്യത്യസ്​ത പ്രശ്​നങ്ങളാണ്​.

ഇന്തോ-പസഫിക് അഫ്​ഗാന്‍ സാഹചര്യം രാജ്യത്തിന്‍റെ സുരക്ഷക്ക്​ ഭീഷണിയാണ്​. എങ്കിലും സമാന്തരമായി പോകുന്ന രേഖകളാണ്​ ഈ രണ്ട്​ പ്രശ്​നങ്ങളെന്നും അവ ഒരിക്കലും കൂട്ടിമുട്ടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ്​ താലിബാന്‍ വിഷയത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്​ പ്രസ്​താവന നടത്തുന്നത്​.

അഫ്​ഗാനിസ്​താനില്‍ ഇന്ത്യക്ക്​ വലിയ രീതിയില്‍ നിക്ഷേപമുണ്ട്​. താലിബാന്‍ അധികാരം പിടിച്ചതിന്​ പിന്നാലെ അഫ്​ഗാനിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ വ്യോമസേന വിമാനങ്ങളില്‍ നാട്ടിലെത്തിച്ചിരുന്നു.