റോഡുകളും ട്രെയിനുകളും അടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രം; പദ്ധതിയില്‍ കോഴിക്കോട് വിമാനത്താവളവും; ലക്ഷ്യം നാല് വര്‍ഷം കൊണ്ട് 6 ലക്ഷം കോടി

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളും റോഡുകളുമടക്കമുള്ള പദ്ധതികളുടെ നിയന്ത്രണം സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പേരിലുള്ള പദ്ധതി നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു വഴി 6 ലക്ഷം കോടി സമാഹരിക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന പദ്ധതികളില്‍ കോഴിക്കോട് വമാനത്താവളവുമുണ്ട്.

ഇക്കൊല്ലം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി അവതരിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയിലുള്ള ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ നിയന്ത്രണം മാത്രമായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതെന്നും ഉടമസ്ഥത സര്‍ക്കാരിനു തന്നെയായിരിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

2022 – 2025 കാലത്താണ് പദ്ധതി നടപ്പാക്കുകയെന്നാണ് നീതി ആയോഗ് സിഇഓ അമിതാഭ് കാന്ത് വ്യക്തമാക്കിയത്. റെയില്‍വേ, വിമാനത്താവളങ്ങള്‍, കല്‍ക്കരി ഖനനം എന്നിവയാണ് സ്വകാര്യവത്കരണത്തില്‍ ഏറ്റവും മുന്നിലുള്ള മേഖലകള്‍. 15 റെയില്‍വേ സ്റ്റേഡിയങ്ങള്‍, 25 വിമാനത്താവളങ്ങള്‍, 160 കല്‍ക്കരി ഖനികള്‍ തുടങ്ങിയവ സ്വകാര്യ മേഖലയ്ക്ക് കൈമാറും. നിശ്ചിത കാലത്തിനു ശേഷം സര്‍ക്കാരിനു തിരിച്ചു നല്‍കുന്ന തരത്തിലായിരിക്കും കരാര്‍ എ
ന്നും സ്ഥാപനങ്ങള്‍ വില്‍ക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

മുഴുവന്‍ ശേഷിയും ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതെന്നും ഇവയില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനും പരിപാലിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും നീതി ആയോഗ് പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയോടു ചേര്‍ന്നായിരിക്കും പുതിയ സ്വകാര്യവത്കരണ പദ്ധതിയും മുന്നേറുക. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 26,700 കിലോമീറ്റര്‍ റോഡ് സ്വകാര്യവത്കരിക്കാനും അതുവഴി 1.6 ലക്ഷം കോടി രൂപ കണ്ടെത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനോടകം തന്നെ 1700 കോടിയോളം വരുന്ന 1400 കിലോമീറ്റര്‍ റോഡ് സ്വകാര്യവത്കരിച്ചിട്ടുണ്ട്.

പവര്‍ ഗ്രിഡ് സ്വകാര്യവത്കരണം വഴി 7700 കോടി രോപയും മറ്റ് ഊര്‍ജപദ്ധതികളില്‍ നിന്ന് 39,832 കോടിയും കണ്ടെത്തും. റെയില്‍വേ സ്വകാര്യവത്കരണത്തിലൂടെ മാത്രം ഒന്നര ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. 90 യാത്രാ ട്രെയിനുകളും നാനൂറോളം റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സാമ്പത്തിക വളര്‍ച്ചയോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ നടപടിയിലൂടെ സാധിക്കുമെന്നും അര്‍ധ നഗര സംയോജനത്തിനും സ്വകാര്യവത്ക്കരണത്തിലൂടെ കഴിയുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.