ചെറുമകളെ പുലിയുടെ വായിൽ നിന്ന്​ രക്ഷിച്ച്​ അപ്പൂപ്പനും അമ്മൂമ്മയും

ഭോപ്പാൽ: ചെറുമകളെ പുലിയുടെ വായിൽ നിന്ന്​ രക്ഷിച്ച്​ അപ്പൂപ്പനും അമ്മൂമ്മയും. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിന്​ സമീപമാണ്​ സംഭവം. വീടിൻ്റെ വരാന്തയിൽ അമ്മൂമ്മക്കൊപ്പം കിടന്ന്​ ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരിയെയാണ്​ പുലി കടിച്ചുകൊണ്ട്​ നിന്നത്.

കുട്ടിയുടെ നിലവിളി കേട്ട 50കാരിയായ ബസന്തിഭായ്​ ഗുർജാർ ഉണർന്നപ്പോൾ കുട്ടിയെ വായിലാക്കി നിൽക്കുന്ന പുലിയെയാണ്​ കണ്ടത്​ . ചാടിയെഴുന്നേറ്റ ബസന്തി ഭായ്​ ത​ൻ്റെ സർവ്വ ശക്​തിയും എടുത്ത്​ പുലിയെ തൊഴിച്ചു. എന്നാൽ കുട്ടിയുടെ കടി വിടാൻ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ശബ്​ദം കേട്ട്​ ബസന്തി ഭായിയുടെ ഭർത്താവും എഴുന്നേറ്റു.

തുടർന്ന്​ ഇരുവരും ചേർന്ന്​ പുലിയെ നേരിട്ടു. രണ്ടുപേരെ കണ്ട്​ പരിഭ്രാന്തനായ പുലി കുട്ടിയുടെ കടിവിടുകയും അപ്പൂപ്പനും അമ്മൂമ്മക്കും നേരേ തിരിയുകയും ചെയ്​തു. ശബ്​ദംകേട്ട്​ ഈ സമയം കൂടുതൽ ആളുകൾ വരാൻ തുടങ്ങിയതോടെ പേടിച്ച പുലി കാട്ടിലേക്ക്​ ഓടി രക്ഷപ്പെടുകയായിരുന്നു.

കുട്ടിക്ക്​ കാര്യമായ പരിക്കുപറ്റിയില്ലെന്നും പ്രാഥമിക ശുശ്രൂഷകൾക്കുശേഷം സുഖം പ്രാപിക്കുന്നതായും ബസന്തി ഭായ് പറഞ്ഞു. കുനോ നാഷനൽ പാർക്കിൽ നിന്ന്​ പുറത്തുകടന്ന പുലിയാണ്​ കുട്ടിയെ ആക്രമിച്ചത്​. ‘ഇവിടെ ഞങ്ങൾ ഏറെ വർഷങ്ങളായി ജീവിക്കുകയാണ്​. എന്നാൽ ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല’-ബസന്തിഭായ്​ ഗുർജാർ പറഞ്ഞു. പാർക്കിൻ്റെ സുരക്ഷ വർധിപ്പിക്കുമെന്നും പരിക്കേറ്റവർ ആവശൽമായ ചികിത്സ നൽകുമെന്നും കുനോ ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫീസർ പികെവർമ പറഞ്ഞു.