ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗത്തിൽ ഓക്സിജൻ കിട്ടാതെ ഡെൽഹിയിൽ മരിച്ചവരുടെ എണ്ണമെടുക്കാനും അവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനുമായി ഒരു സമിതി രൂപീകരിക്കാനുള്ള കെജ്രിവാൾ സർക്കാരിന്റെ നിർദേശം ലഫ്റ്റനന്റ് ഗവർണർ തള്ളി.
ഇത് രണ്ടാം തവണയാണ് ഡെൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ സമാനമായ നിർദേശം നിരസിക്കുന്നത്. ഡെൽഹിയിലെ രണ്ടു ആശുപത്രികളിലുണ്ടായ 40 ഓളം മരണങ്ങൾ അന്വേഷിക്കാനുള്ള അനുമതി ജൂണിൽ അനിൽ ബൈജാൽ നിരസിച്ചിരുന്നു.
‘ഞങ്ങൾ ഗവർണർക്ക് ഫയലുകൾ അയച്ചു. ഓക്സിജന്റെ അഭാവംമൂലം മരിച്ചവരെ സംബന്ധിച്ച് അന്വേഷണത്തിന് അദ്ദേഹം വീണ്ടും അനുമതി നിഷേധിച്ചു’ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അത്തരമൊരു സമതിയുടേയും ആവശ്യമില്ലെന്ന് ലഫ്. ഗവർണർ പറഞ്ഞതായും സിസോദിയ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പിടിപ്പുകേടാണ് രണ്ടാംതരംഗം ഡെൽഹിയെ വഷളാക്കിയത്. ഓക്സിജനായി ആശുപത്രികൾ നെട്ടോട്ടമോടുകയും രോഗികളേയും കൊണ്ട് ബന്ധുക്കൾ ഡെൽഹിക്ക് പുറത്തേക്ക് പോകേണ്ടി വന്നെന്നും സിസോദിയ പറഞ്ഞു.
അതേ സമയം ഓക്സിജന്റെ അഭാവംമൂലം രാജ്യത്ത് ഒരു മരണംപോലും നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ദിവസങ്ങൾക്ക് മുമ്പ് രാജ്യസഭയിൽ പറഞ്ഞത്. ഇത് വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.