500 രൂപ അടച്ചാല്‍ ഒരു ദിവസം ജയില്‍പുള്ളികളോടൊപ്പം കഴിയാം; പുതിയ ടൂറിസം പദ്ധതികളുമായി കർണാടക സർക്കാർ

ബംഗളുരു: ജയില്‍ പുള്ളികളോടൊപ്പം ഒരു ദിവസം ചിലവഴിക്കാനുള്ള അവസരം ലഭിച്ചാല്‍ വേണ്ടെന്ന് പറയുമോ? ഇത്തരമൊരു അവസരമാണ് ബംഗളുരുവിലെ ഹിന്‍ഡാല്‍ഗ ജയില്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. 500 രൂപ ഫീസ് അടച്ചാല്‍ ഒരു ദിവസം മുഴുവന്‍ ജയില്‍പുള്ളികളോടൊപ്പം അവരിലൊരാളായി കഴിയാന്‍ സാധിക്കും.

ജയില്‍ ടൂറിസത്തിന്റെ ഭാഗമായാണ് ഈ പുത്തന്‍ സംവിധാനം ജയില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ജയില്‍ നേതൃത്വം. ജയിലിനുള്ളില്‍ ഒരു തടവുകാരനോട് എപ്രകാരമാണോ ജയില്‍ അധികൃതര്‍ പെരുമാറുന്നത് അത്തരത്തില്‍ തന്നെയാകും ടൂറിസ്റ്റിനോടും പെരുമാറുക. ജയിലിലെ രീതികള്‍ പൂര്‍ണ്ണമായും ഇവര്‍ അനുസരിക്കണം.

യൂണിഫോം ധരിക്കണം. കൂടാതെ പുലര്‍ച്ചെയുള്ള ജയിലിലെ ജോലികളും ഇവര്‍ ചെയ്യണം. താമസം സെല്ലില്‍ മറ്റ് തടവുപുള്ളികളോടൊപ്പം ആയിരിക്കും. ജയില്‍ ജീവിതം എന്താണെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ അവസരം നല്‍കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മനസിലാക്കിയാല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കുമെന്നും പൊലീസ് കരുതുന്നു.